കോയമ്പത്തൂർ: ദിവ്യോദയ ഇന്റർ റിലീജിയസ് സെന്ററിന്റെ 46-ാം വാർഷികാഘോഷവും ഹാർമണി അവാർഡ് ദാനചടങ്ങും നടത്തി. ദിവ്യോദയ അങ്കണത്തിൽ നടന്ന ചടങ്ങിൽ ദിവ്യോദ ഡയറക്ടർ ഫാ.ഡോ. തോമസ് ചീരൻ സ്വാഗതം പറഞ്ഞു.സിഎംഐ പ്രേഷിത പ്രോവിൻസ് പ്രൊവിൻഷ്യാൾ ഫാ.ഡോ. ജോൺസൺ വലിയകുളത്തിൽ സിഎംഐ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ബാംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ചാൻസലർ ഫാ.ഡോ. സാജു ചക്കാലയ്ക്കൽ സിഎംഐ വിശിഷ്ടാതിഥിയായിരുന്നു. മുൻ ഇംഗ്ലീഷ് പ്രഫസർ ഡോ. ജയന്തശ്രീ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.
ചടങ്ങിൽ ദിവ്യോദയയുടെ സ്ഥാപകനായ അന്തരിച്ച ഫാ.ഡോ. ജോൺ പീറ്റർ സിഎംഐയുടെ സ്മരണാർഥം ഏർപ്പെടുത്തിയ ഹാർമണി അവാർഡ് ഈ വർഷം അർഹനായത് അന്തരിച്ച ജസ്വന്ത് സിംഗ് ആനന്ദാണ്.
ദിവ്യോദയയുടെ തുടക്കംമുതൽ ഒപ്പം പ്രവർത്തിക്കുകയും കോയമ്പത്തൂരിലും പരിസര പ്രദേശങ്ങളിലും മതസൗഹാർദം വളർത്താൻ അക്ഷീണം പ്രയത്നിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം.
മകൻ ഗുർദീപ് സിംഗ് ആനന്ദ് ഹാർമണി അവാർഡ് ഏറ്റുവാങ്ങി. ദിവ്യോദയയിലെ മുതിർന്ന അംഗങ്ങളുടെ സേവനങ്ങളെക്കുറിച്ച് ഫാ.ഡോ. തോമസ് ചീരൻ സിഎംഐ രചിച്ച പുസ്തകം വിദ്യാഭ്യാസ- മാധ്യമ വിഭാഗം സെക്രട്ടറി ഫാ.ഡോ. അൻസൻ പാണേങ്ങാടൻ സിഎംഐ നിർവഹിച്ചു.
തുടർന്ന് ജസ്വന്ത് സിംഗ് ആനന്ദിന്റെ കുടുംബം പത്താം ക്ലാസ് വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ പുരസ്കാരങ്ങളുടെ വിതരണവും നടന്നു. ഫാ.ഡോ. തോമസ് ചീരനു പുറമേ ഫാ. ജിന്റോ ചിറമൽ സിഎംഐ, ഫാ. ജലീഷ് എലവത്തിങ്കൽ സിഎംഐ, ബ്രദർ ആന്റണി ജോൺ, ദുർഗാദേവി എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.